
സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സീസണിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിന്റെയും തുടര്‍ന്നുള്ള കാലിക്കറ്റ് എഫ് സിയും ഫോര്‍സ കൊച്ചിയും തമ്മിലുള്ള ആദ്യ മത്സരത്തിന്റെയും ടിക്കറ്റ് വില്പന ആരംഭിച്ചു. ആദ്യ മത്സരം ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്. കാലിക്കറ്റ് എഫ് സിയുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ക്വിക് കേരള വെബ്സൈറ്റ് (www.quickerala.com) വഴി ലഭ്യമാകുമെന്ന് ഫ്രാഞ്ചൈസി അധികൃതര്‍ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രോഫി പ്രദര്‍ശനം, താരനിബിഡമായ കലാപരിപാടി, സംഗീതനിശ എന്നിവയാണ് വൈകീട്ട് ആറുമണി മുതല്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്.
ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകന്‍ വി കെ മാത്യൂസിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് എഫ് സി നിലവിലെ എസ് എല്‍ കെ ചാമ്പ്യന്മാരാണ്. ഇക്കുറി അര്‍ജന്റീനിയന്‍ കോച്ചായ എവര്‍ ഡിമാല്‍ഡെയുടെ ശിക്ഷണത്തിലാണ് കാലിക്കറ്റ് എഫ്സി കളത്തിലിറങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ വച്ച് ടീം പ്രഖ്യാപനവും നടത്തിയിരുന്നു.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ കോച്ചായിരുന്ന ബിബി തോമസ് മുട്ടത്ത് ആണ് ടീമിന്റെ അസി. കോച്ച്. ഏഴ് വിദേശകളിക്കാരും ഇക്കുറി സിഎഫ്സിയ്ക്ക് വേണ്ടി പന്തു തട്ടും.
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി- ഫോര്‍സ കൊച്ചി മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു
Super League Kerala: Ticket sale for opening ceremony Inaugural match on Oct 2 between Calicut FC and Forca Kochi