
നവകേരള കർമ്മ പദ്ധതിയുടെ കീഴിലുള്ള ആർദ്രം മിഷന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള നിർണയ ഹബ്ബ് ആൻഡ് സ്പോക്ക് മോഡൽ ലാബോറട്ടറി നെറ്റ്വർക്ക് സഫലമാക്കാൻ ആരോഗ്യവകുപ്പും തപാൽ വകുപ്പും കൈകോർക്കുന്നു. നിർണ്ണയ ലാബ് പരിശോധനയിലൂടെ പൊതുജനങ്ങൾക്ക് രോഗ പരിശോധന സുഗമമാകാൻ സാധിക്കും. ലാബ് പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെ പരിശോധന ലഭ്യമാക്കും .പൊതുജനങ്ങൾക്ക് ദൂരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലൂടെ ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചെയ്യാനാകാത്ത രോഗനിർണയ പരിശോധനകൾ മുകൾ തട്ടിലുള്ള ലാബിലേക്ക് ( താലൂക്ക് / ജില്ലാ ആശുപത്രി ലാബുകൾ) അയക്കുന്ന പദ്ധതിയാണ് നിർണയ ഹബ്ബ് & സ്പോക്ക് ലബോറട്ടറി ശൃംഖല. ഈ പദ്ധതിയുടെ ട്രയൽ റൺ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു.
സാമ്പിൾ അയക്കേണ്ട ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അറിയിക്കണം. പാക്ക് ചെയ്തു വെച്ച സാമ്പിൾ ബോക്സ് തപാൽ വകുപ്പിന്റെ ജീവനക്കാർ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപായി ആശുപത്രിയിൽ വന്ന് എടുത്തു കൊണ്ടു പോകുകയും തൊട്ടടുത്ത ദിവസം രാവിലെ 11 മണിക്ക് മുൻപായി നിർദിഷ്ട ലാബിൽ എത്തിക്കുകയും ചെയ്യും. പരിശോധനയ്ക്ക് വേണ്ടിയുള്ള സാമ്പിൾ ശേഖരിക്കുന്ന ഘട്ടത്തിൽ തന്നെ രോഗിയുടെ UHID നമ്പറും മൊബൈൽ നമ്പറും കൂടി ഈ-ഹെൽത്തിലൂടെ രേഖപ്പെടുത്തുന്നതിനാൽ ലാബിൽ ചെയ്യുന്ന പരിശോധനാ ഫലവും രോഗികൾക്ക് മൊബൈലിൽ സന്ദേശമായി ലഭിക്കുകയും ചെയ്യും.
പാലക്കാട് ജില്ലയിൽ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളും/സാമൂഹികാരോഗ്യ കേന്ദ്രങ്ങളും/ 20 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 7 താലൂക്ക് തല ആശുപത്രികളും ആണ് ഉള്ളത്. ഈ ആരോഗ്യ സ്ഥാപനങ്ങളിൽ എത്തുന്ന രോഗികൾക്കാണ് നിർണയ പദ്ധതിയുടെ ഗുണം ലഭിക്കുക.
പദ്ധതിയുടെ വിജയത്തിനായി പാലക്കാട് ജില്ലയിലെ രണ്ട് പോസ്റ്റൽ ഡിവിഷനുകളിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ പോസ്റ്റ് ഓഫീസുകൾക്ക് നൽകിക്കഴിഞ്ഞു. ജില്ലയിലെ ആദ്യത്തെ സാമ്പിൾ പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കൂടാതെ കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം,നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായ ഡയാറ സ്ട്രീറ്റ്, കുളപ്പുള്ളി , പനമണ്ണ എന്നിവിടങ്ങളിൽ നിന്നു കൂടി സാമ്പിൾ അയക്കുന്ന ട്രയൽ റൺ നടത്തിയിട്ടുണ്ട്.
Buy Samsung Galaxy S24 FE 5G AI Smartphone (Graphite, 8GB RAM, 128GB Storage)