
60 വയസ്സ് മുതൽ 104 വയസ്സിൽ എത്തിയ വയോധിക വരെ ഉൾപ്പെടുന്ന മലപ്പുറം നഗരസഭയുടെ വയോജന വിനോദയാത്ര ഇന്ന് നടക്കും.
രാജ്യത്തെ ഏറ്റവും വലിയ വയോജന വിനോദയാത്രയാണ് മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ആറുമണിക്ക് മലപ്പുറം കോട്ടക്കുന്നിൽ നിന്നും ആരംഭിക്കുന്നത്. യാത്രക്ക് മലപ്പുറത്തിന്റെ മുത്തശ്ശി 104 വയസ്സ് പൂർത്തിയായ ആലത്തൂർപടി സ്വദേശി അണ്ടിക്കാടൻ ഹലീമ നഗരസഭ ചെയർമാൻ മുജീബ് കാടേരിക്ക് പതാക കൈമാറി തുടക്കം കുറിക്കും.
മലപ്പുറം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഗാ വയോജന യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ കോട്ടക്കുന്നിൽ നിന്നും പുറപ്പെടുന്ന യാത്ര അരീക്കോട് പ്രത്യേകം തയ്യാറാക്കിയ രണ്ടു ഓഡിറ്റോറിയത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചശേഷം വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹാളുകളിൽ ഉച്ചഭക്ഷണം നൽകും.
ഓരോ വാർഡിൽ നിന്നും മൂന്ന് വളണ്ടിയർമാർ ഓരോ ബസ്സിലും അനുഗമിക്കും. യാത്രയിൽ ഗതാഗത തടസ്സം നേരിടുന്നതിന് ആർമി റിക്രൂട്ട്മെന്റ് പരിശീലന സ്ഥാപനത്തിലെ പഠിതാക്കൾ, ചുരം സംരക്ഷണ സമിതി എന്നിവർ യാത്രയെ അനുഗമിക്കും.
ഡോക്ടർ, നഴ്സ് ഫാർമസിസ്റ്റ് അടങ്ങിയ ആംബുലൻസ് ഉൾപ്പെടുന്ന മെഡിക്കൽ ടീമുകൾ യാത്രയെ അനുഗമിക്കും. രാത്രിയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും നഗരസഭയുടെ സ്നേഹോപഹാരം നൽകും. വൈകിട്ട് രാത്രി ഭക്ഷണവും നൽകിയാണ് യാത്ര പൂർത്തിയാകുന്നത്.
3010 വർണ്ണക്കുടകൾ ഒരുമിച്ച് തുറന്ന് യാത്ര ആരംഭിക്കും
വയോജന യാത്രയുടെ ഉദ്ഘാടനം നൂറ്റിനാല് വയസ്സുകാരി ഹലീമ ഉമ്മ നിർവഹിച്ച ശേഷം യാത്രക്കാർ ഒരുമിച്ച് കോട്ടക്കുന്ന് മൈതാനിയിൽ വർണ്ണ കുട ചൂടി യാത്രക്ക് തുടക്കം കുറിക്കും. മലപ്പുറം നഗരസഭ മുഴുവൻ യാത്രക്കാർക്കും വർണ്ണക്കുട സമ്മാനമായി നൽകുന്നുണ്ട്.