കോഴിക്കോട്:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന
വി.എസ്.അച്ചുതാനന്ദന്റെ ഓർമ്മയിൽ 5 ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. വി.എസിന്റെ
സമാനതകളില്ലാത്ത ത്യാഗനിർഭരമായ പൊതുജീവിതവും സമരസന്ദർഭങ്ങളും അനാവരണം ചെയ്യപ്പെടുന്ന ഇൻസ്റ്റലേഷൻ, ചിത്രാവിഷ്കാരം, ഫോട്ടോ എക്സിബിഷൻ എന്നിവയാണ് ഇന്ന് മുതൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കുക.
വൈകുന്നേരം 4 മണിക്ക് പ്രശസ്ത ഫോട്ടോഗാഫർ ഹാരിസ് കുറ്റിപ്പുറം പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരൻമാരായ ജോൺസ് മാത്യു, ജോസഫ്.എം. വർഗീസ്, സംഘാടക സമിതി കൺവീനർ ജോസഫ്. സി. മാത്യു, എം.പി. ബഷീർ എന്നിവർ സംസാരിക്കും.
നവംബർ 26 ന് മൂന്നുമണി മുതൽ ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം, ഭരണഘടന -ജനാധിപത്യം, എന്ന വിഷയത്തിൽ ദേശീയ സെമിനാറായാണ് സംഘടിപ്പിക്കുന്നത്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ, ജുഡീഷ്യറിയുടെ പക്ഷപാത നിലപാടുകളിൽ പ്രതിഷേധിച്ച് അഭിഭാഷകവൃത്തി ഉപേക്ഷിച്ച സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ ബാർ അസോസിയേഷൻ പ്രസിഡണ്ടുമായ അഡ്വ: ദുഷ്യന്ത് ദാവെ, കർഷക സമര സൈദ്ധാന്തികനും പഞ്ചാബ് സർക്കാരിൻ്റെ ഫാർമേഴ്സ് കമ്മീഷൻ ചെയർമാനുമായ ഡോ. സുഖ്പാൽ സിംഗ്, കെ. കെ. രമ എം എൽ എ, കൽപ്പറ്റ നാരായണൻ, ഡോ: ഖദീജാ മുംതാസ് എന്നിവർ സംസാരിക്കും.
എം എൻ കാരശ്ശേരി അദ്ധ്യക്ഷനാവും. 27,28 തിയ്യതികളിലായി ടൗൺഹാളിൽ നടക്കുന്ന ശില്പശാലയിൽ പ്രമുഖരായ അക്കാദമിഷ്യൻമാരും ആക്ടിവിസ്റ്റുകളും പങ്കെടുക്കും.

