ജമാഅത്തെ ഇസ്ലാമി – മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്
ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ ദൃശ്യത നൽകുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണ്. യുഡിഎഫിന് വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷം മുസ്ലിങ്ങൾക്കും ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കുന്നത് നാലു വോട്ടു കിട്ടാനാണ്.
ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്രവാദത്തെ ഉയർത്തിപ്പിടിക്കുന്നത്, അതുപോലെ ഇസ്ലാമിക രാഷ്ട്ര നിർമ്മാണമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം.
ഹിന്ദുത്വയ്ക്ക് ഹിന്ദുവിശ്വാസവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ ജമാഅത്തെ ഇസ്ലാമി പോലുള്ള രാഷ്ട്രീയ ഇസ്ലാമിന് വിശ്വാസികളുടെ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നത് നമ്മൾ കാണണം.
മുസോളിനി പ്രാചീന റോമിൻ്റെ പാരമ്പര്യവും ഹിറ്റ്ലർ ആര്യവംശ പാരമ്പര്യവും ഇളക്കിവിട്ടതുപോലെ മതാത്മകമായ ദേശീയതയാണ് ഹിന്ദുത്വവാദികളും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഒരേപോലെ കൊണ്ട് നടക്കുന്നത്. അതായത്, മതരാഷ്ട്രവാദമാണ് ഇവർ എല്ലാവരുടെയും അടിസ്ഥാന ആശയപരിസരം. മതം നിയന്ത്രിക്കുന്ന പരമാധികാര ഭരണകൂടമാണ് ഇവർ സ്വപ്നം കാണുന്നത്.
ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും അംഗീകരിക്കുന്ന മുസ്ലിങ്ങൾ ഇസ്ലാമിന് പുറത്താണെന്നാണ് മൗദൂദി പറയുന്നത്.
“ഖുതുബത്ത്” എന്ന തന്റെ ഗ്രന്ഥത്തിൽ ജനാധിപത്യത്തെയും ആധുനിക പൗരനിയമങ്ങളെയും ഇസ്ലാമിക വിരുദ്ധമാണെന്ന് കല്പിച്ച് തള്ളിക്കളയാനും ആഹ്വാനം ചെയ്യുന്നു.
മതത്തെ രാഷ്ട്രമായി നിർവചിക്കുകയാണ് മൗദൂദി ചെയ്തത്.
മത ഭരണകൂടം സ്ഥാപിക്കണമെന്നും അതിനായി രക്തസാക്ഷിയാവണമെന്നുമാണ് മൗദൂദി കല്പിക്കുന്നത്.
മൗദൂദിയൻ ആശയങ്ങൾ അങ്ങേയറ്റം ഇസ്ലാമിക വിരുദ്ധമാണെന്ന് ഇസ്ലാം മതപണ്ഡിതർ തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി.
1947ൽ ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വിഭജിക്കപ്പെട്ടതോടെ ജമാഅത്തെ ഇസ്ലാമിയും രണ്ടായി.
മൗദൂദി പാക്കിസ്ഥാനിലേക്ക് കുടിയേറി.
പാകിസ്ഥാനിൽ വേരുറപ്പിക്കാൻ അഹമ്മദീയാ മുസ്ലിങ്ങളെ ഇസ്ലാമിൻ്റെ ശത്രുവായി അവതരിപ്പിച്ച് അവർക്കെതിരെ വിദ്വേഷം കുത്തിയിളക്കി. 1953 ൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ അഹമ്മദീയാ മുസ്ലിങ്ങളെ ക്രൂരമായി വേട്ടയാടി.
അഹമ്മദീയാ മുസ്ലിങ്ങളെ അമുസ്ലിങ്ങളായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അവരെ
കലാപത്തിലൂടെ വംശഹത്യ നടത്തുകയും അവരുടെ സ്വത്തുവകകൾ കയ്യേറുകയും ചെയ്തു. പിന്നീട് ഈ കുറ്റകൃത്യങ്ങളുടെ പേരിൽ മൗദൂദിക്ക് കോടതി വധശിക്ഷ തന്നെ വിധിക്കുകയുണ്ടായി. പിന്നീട് ശിക്ഷായിളവ് കിട്ടി.
എന്നാൽ അഹമ്മദീയാ വംശഹത്യയെക്കുറിച്ചന്വേഷിച്ച ജസ്റ്റീസ് മുനീർ കമ്മീഷന്റെ റിപ്പോർട്ട് ജമാഅത്തെ ഇസ്ലാമിയുടെ ചെയ്തികൾ ഇസ്ലാമിക വിരുദ്ധവും അതിക്രൂരവും ആണെന്ന് വിലയിരുത്തി.
ബംഗ്ലാദേശ് വിമോചന സമരകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ബംഗ്ലാദേശ് മുസ്ലിങ്ങളെ കൂട്ടക്കൊല നടത്താൻ നേതൃത്വം നൽകിയത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയാണ്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാക്കള് വർഷങ്ങൾക്കുശേഷം 2013 കാലഘട്ടത്തിലാണ് യുദ്ധക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യയിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വവാദികളും ഒരേ തൂവൽപ്പക്ഷികളാണ്. പുറമേക്ക് വിരുദ്ധപക്ഷമായി തോന്നുമെങ്കിലും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകൾ കത്തിച്ച് പരസ്പര സഹകരണത്തിന്റെ സാധ്യതകൾ തേടിയവരാണ് ഇരുകൂട്ടരും. മതരാഷ്ട്രവാദത്തിലൂന്നിയ പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും.
ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാർടിക്ക് രൂപം കൊടുക്കുന്നത് 2011 ഏപ്രിൽ 18 നാണ് .വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പ്രഖ്യാപന ചടങ്ങിൽ അതിഥിയായി പങ്കെടുത്തവരിൽ ജമാഅത്ത് പരിവാറിൽ പെടാത്ത ഒരൊറ്റ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചടങ്ങിൽ ആശംസ അർപ്പിച്ച ആ വ്യക്തിയുടെ പേര് ഡോ. ജെ. കെ. ജെയിൻ എന്നായിരുന്നു. ബിജെപി ദേശീയ ന്യൂനപക്ഷ മോർച്ചയുടെ അന്നത്തെ അധ്യക്ഷൻ.
അതിന് അഞ്ചു മാസങ്ങൾക്ക് മുൻപ്, 2010 നവംബർ 12 ന് ജമാഅത്തെ ഇസ്ലാമിക്കനുകൂലമായി ഇതേ ജെ. കെ. ജെയിൻ നൽകിയ പത്ര പ്രസ്താവന ഇന്നും ബിജെപി ഒഫീഷ്യൽ വെബ്സൈറ്റിൽ ഉണ്ട്. അതിൻ്റെ തലക്കെട്ട്
ഡൽഹി രാം ലീല മൈതാനത്ത് ഗരിബി ഹടാവോ റാലി നടത്താൻ ജമാഅത്തെ ഇസ്ലാമിക്ക് അനുമതി നിഷേധിച്ച യു പി എ സർക്കാറിനെതിരെയായിരുന്നു ബി ജെ പി ന്യൂനപക്ഷ മോർച്ച അധ്യക്ഷന്റെ പ്രസ്താവന എന്നാണ്.
ആർഎസ്എസുമായി ഈ അടുത്ത കാലത്തു കൂടി രഹസ്യ ചർച്ച നടത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. 2023 ൽ ആയിരുന്നു അത്.
ഇക്കഴിഞ്ഞ ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അവിശുദ്ധ ബന്ധം രാജ്യം കണ്ടതാണ്. ജമാ അത്തെ ഇസ്ലാമിയും ബിജെപിയും ഒരുമിച്ചാണ് സിപിഐഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ നോക്കിയത്. എന്നാൽ ജനങ്ങൾ സിപിഐഎമ്മിനൊപ്പം നിലകൊണ്ടു. തരിഗാമി വിജയിച്ചു. ആർഎസ്എസ്-ബിജെപി പിന്തുണയിൽ മത്സരിച്ച ജമാഅത്തെ സ്ഥാനാർഥി പരാജയപ്പെട്ടു.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളുടെ പൊതുശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമായിരുന്നു തരിഗാമിക്കെതിരെയുണ്ടായ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്. തരിഗാമിയുടെ വിജയം മറ്റാരേക്കാളും ജമാ അത്തെ ഇസ്ലാമിക്കേറ്റ തിരിച്ചടി കൂടിയായിരുന്നു.
ഇവിടെ ജമാ അത്തെ ഇസ്ളാമിയെയും ബിജെപിയെയും ഒരു പോലെ സന്തോഷിപ്പിച്ചു കൂടെ നിർത്തുകയാണ് യു ഡി എഫ്. അതിനെതിരെ അവരുടെ അണികളിൽ നിന്നുതന്നെ ഉയരുന്ന എതിർപ്പുകൾക്ക് ചെവി കൊടുക്കുന്നില്ല.
എങ്ങനെയും വോട്ടു കിട്ടുക എന്ന ഒറ്റ അജണ്ടയിൽ നാടിന്റെ സമാധാനവും മത നിരപേക്ഷ പാരമ്പര്യവും പണയം വെക്കുകയാണ് യു ഡി എഫ്. അതിനാകട്ടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കുടപിടിച്ചു കൊടുക്കുന്നു.

