കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മേഖലയാണ് തൃശ്ശൂർ – എറണാകുളം. ഈ മേഖലയിൽ ദേശീയ പാതകളായ 544ലും 66ലും സംസ്ഥാന പാതകളായ കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ, കുറ്റിപ്പുറം – തൃശ്ശൂർ എന്നിവയിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ റോഡ് ഗതാഗതത്തെ അക്ഷരാർത്ഥത്തിൽ കുരുക്കിലാക്കിയിരിയ്ക്കുകയാണ്.
നടക്കുന്ന പണികളാകട്ടെ, പൂർത്തിയാകാൻ നിരവധി മാസങ്ങൾ എടുത്തേക്കും. വരാനിരിയ്ക്കുന്ന മഴക്കാലവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധിയ്ക്ക് ശേഷം തുറക്കുന്നതും നിരത്തിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.
ഈ സാഹചര്യത്തിൽ തീവണ്ടികളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വർദ്ധിച്ച തിരക്ക് ഇനിയും കൂടാനാണ് എല്ലാ സാദ്ധ്യതയും. സമയത്തിന് എത്തേണ്ടവർ തീവണ്ടികളെത്തന്നെ ആശ്രയിയ്‌ക്കേണ്ടിവരും. അതിനാൽ, തൃശ്ശൂർ – എറണാകുളം മേഖലയിലെ തീവണ്ടി യാത്രാസൗകരം അടിയന്തിരമായി വർദ്ധിപ്പിയ്ക്കണമെന്ന് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
66319 ഷൊർണ്ണൂർ – എറണാകുളം മെമു, 16328 ഗുരുവായൂർ – മധുര എക്സ് പ്രസ്സ്, 56313 ഗുരുവായൂർ – എറണാകുളം പാസ്സഞ്ചർ, 66609 പാലക്കാട് – എറണാകുളം മെമു & 16308 കണ്ണൂർ – ആലപ്പുഴ എക്സ് പ്രസ്സ് എന്നീ വണ്ടികളിൽ പരമാവധി കോച്ചുകൾ വർദ്ധിപ്പിയ്ക്കുക, 56612 നിലമ്പൂർ – ഷൊർണ്ണൂർ പാസ്സഞ്ചർ എറണാകുളം വരെ നീട്ടുക, 16791/16792 പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ് പ്രസ്സിന് ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, പൂങ്കുന്നം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിയ്ക്കുക, തൃശ്ശൂരിനും – എറണാകുളത്തിനുമിടയിൽ ദിവസവും ഒന്നോ രണ്ടോ പ്രത്യേക മെമു സർവ്വീസുകൾ നടത്തുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും റെയിൽവേ അധികൃതർക്കും നൽകിയിട്ടുണ്ട്.
